മാര്‍ഗ്ഗനിര്‍ദ്ദേശകരേഖകള്‍ | ബ്രഹ്മഋഷീസ് ഹെർമിറ്റേജ്

മാര്‍ഗ്ഗനിര്‍ദ്ദേശകരേഖകള്‍


Brahmarishis Hermitage Devatmananda Shamballa Rishis Siddhas Siddhar Sprituality Kalki Saptharishis Saptarishis
                    Divine Soul Guru Wisdom Positive Quotes

സ്വസ്ഥമായിട്ട് ഇരിക്കുക. നിങ്ങളുടെ താടി നിലത്തിന് സമാന്തരമായിട്ട് വെയ്ക്കുക. നട്ടെല്ല് നിവർന്നിരിക്കുക. ഇത് ഊർജ്ജങ്ങളെ തിങ്ങി നിറയാത്ത അവസ്ഥയിൽ, അനായാസേന, നട്ടെല്ലിലൂടെ, നിർവിഘ്‌നം പ്രവഹിക്കുവാൻ സഹായിക്കും.

കഴിയുന്നത്ര ഒരേ സമയത്തും ഒരേ സ്ഥലത്തും ധ്യാനം അഭ്യസിക്കുവാൻ ശ്രമിക്കുക.

തറയിൽ ഇരുന്ന് ധ്യാനം ചെയ്യുന്ന വേളയിൽ, എല്ലായ്പോഴും ഒരു പായ ഉപയോഗിക്കുക. ക്ഷേത്രങ്ങൾക്ക് ഇത് ബാധകമല്ല, കാരണം അവ ഊർജ്ജങ്ങളുടെ കേന്ദ്രങ്ങളാണ്.

ഒരു ദിവസം പോലും ധ്യാനം ചെയ്യന്നത് മുടക്കരുത്. ധ്യാനം ചെയ്യുന്നതിന് തീവ്രമായ ഉത്സാഹം വളർത്തിയെടുക്കുക.

ധ്യാനത്തിനും സകാരാത്മകതയ്ക്കും തുല്യ പ്രാധാന്യം നൽകുക. നിങ്ങൾക്ക് ആകർഷകമായി തോന്നുന്ന ചില ആദ്ധ്യാത്മിക വിദ്യകൾ എടുത്ത്, അവ ശുഷ്കാന്തിയോടുകൂടി അഭ്യസിക്കുക.

പതിവായി ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ


1. എന്തുകൊണ്ടാണ് സാധനയിൽ ഭൗതിക ശരീരത്തിന് ഇത്രയ്ക്ക് പ്രാധാന്യം കൊടുക്കുന്നത്?

ഭൗതിക ശരീരം ഇല്ലാതെ നമുക്ക് ഈ ലോകത്ത് ഒന്നും ചെയ്യുവാൻ സാധിക്കുകയില്ല. മാത്രമല്ല, ഒരു സാധകന്, നീണ്ട മണിക്കൂറുകളോളം ധ്യാനം ചെയ്യുന്നതിനും, കൂടാതെ, സമാധിയുടെ ഉയർന്ന തലങ്ങൾ അനുഭവിച്ചറിയുന്നതിനും വേണ്ടി ആരോഗ്യമുള്ള ഒരു ഭൗതിക ശരീരം ആവശ്യമായിട്ടുണ്ട്.

2. നീണ്ട മണിക്കൂറുകൾ ധ്യാനം ചെയ്യുന്നതിന് ഇരിക്കാൻ പറ്റിയ ഉത്തമമായ ആസനം ഏതാണ്?

പത്മാസനമാണ് ഏറ്റവും നല്ലത്. നീണ്ട മണിക്കൂറുകൾ ധ്യാനം ചെയ്യുന്നതിനായി നിങ്ങൾക്ക് സിദ്ധാസനത്തിലും ഇരിക്കാവുന്നതാണ്; എന്നിരുന്നാലും, നിങ്ങൾക്ക് അനുയോജ്യമായ ഉത്തമമായ ആസനം ഏതാണെന്ന് നിങ്ങൾ കണ്ടെത്തുക.

3. ഞാൻ ആത്മീയമായി വളരുന്നുണ്ടെന്ന് എനിക്ക് എങ്ങനെ അറിയുവാൻ സാധിക്കും?

മറ്റുള്ളവരെ, അവർ ആരാണെന്നത് പരിഗണിക്കാതെ, അവരെ സ്നേഹിക്കുവാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ എന്ന് ചിന്തനം ചെയ്ത് കണ്ടുപിടിക്കുക. മാത്രമല്ല, എല്ലാവരുമായിട്ടും ഏകത്വത്തോടെ ബന്ധം സ്ഥാപിക്കുവാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇവ്വിധത്തിൽ നിങ്ങളുടെ പുരോഗതിയെ നിങ്ങൾക്ക് അളക്കുവാൻ സാധിക്കും.

4. എന്താണ് ഗുണപരമായ ധ്യാനം?

ഒന്നോ രണ്ടോ മിനിട്ടുകൾക്ക് ഒരേ ഒരു ധാരണയിൽ ലക്ഷ്യം വെച്ചുകൊണ്ട് തുടങ്ങി, സാവകാശം, ചിന്തയില്ലാത്ത മാനസികാവസ്ഥയിൽ എത്തിച്ചേരുകയും, ശരീരത്തിനെയും മനസ്സിനെയും നിശബ്ദമാക്കിക്കൊണ്ട്, ക്രമേണ, സമ്പൂർണ്ണ ശരീരവ്യവസ്ഥയുടെ നിശ്ചലതയിലേയ്ക്കും ഊർജ്ജങ്ങളിലേയ്ക്കും നിങ്ങൾ ഏകീകരിക്കുകയും ചെയ്യുന്നതാണ് ഗുണപരമായ ധ്യാനം.

5. ജ്ഞാനോദയത്തിലേയ്ക്കുള്ള ആദ്യത്തെ ചവിട്ടുപടി എതാണ്?

ധ്യാനവും സകാരാത്മകതയും.

6. എന്താണ് ക്ലേശം സൂചിപ്പിക്കുന്നത്?

നമ്മുടെ കർമ്മഫലങ്ങളിലൂടെ നാം കടന്നു പോയിക്കൊണ്ടിരിക്കുന്നുവെന്നും, ഈശ്വരനെ നമ്മിൽ പ്രവർത്തിക്കുവാൻ അനുവദിക്കുന്നു എന്നുമാണ് ക്ലേശം സൂചിപ്പിക്കുന്നത്. പതിവായി ധ്യാനിക്കുകയും സകാരാത്മകമായിട്ടിരിക്കുകയും ചെയ്യുന്നതിലൂടെ ക്ലേശത്തെ ലഘൂകരിക്കുവാൻ സാധിക്കും.

7. ഗ്രഹങ്ങൾ എങ്ങനെയാണ് നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്?

കർമ്മങ്ങൾ നമ്മുടേതാണ്. ഗ്രഹങ്ങൾ അവയെ നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. നമ്മുടെ തീവ്രമായ സാധനയിലൂടെ കർമ്മങ്ങളെ എരിയിക്കുവാനും കർമ്മഫലങ്ങൾക്ക് നമ്മുടെ മേൽ ഉളള സ്വാധീനത്തെ ദുർബ്ബലപ്പെടുത്തുവാനും കഴിയുമെങ്കിൽ, ഗ്രഹങ്ങളുടെ സ്വാധീനം കുറയും. അതുകൊണ്ടാണ് ഗുണപരമായ ധ്യാനം ചെയ്യണമെന്ന് ഞാൻ എപ്പോഴും ഊന്നിപ്പറയുന്നത്. ഗുണപരമായ ധ്യാനത്തിലൂടെ നമ്മുടെ ജീവിതവും ജീവരേഖയും മാറുകയും, അതോടൊപ്പം, നമ്മുടെ കർമ്മത്തിന്‍റെ ഗതി മാറുകയും ചെയ്യുന്നു. ധ്യാനം, മനഃശക്തിയും ഇച്ഛാശക്തിയും നൽകികൊണ്ട് നമ്മെ ശക്തിപ്പെടുത്തുകയും ജീവിതത്തിന്‍റെ മോശമായ ഘട്ടത്തിലൂടെ കടന്നുപോകുവാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ നമുക്ക് കർമ്മവളയത്തെ ഭേദിക്കുവാനും സാധിക്കും.

8. ആത്മശുദ്ധീകരണം വേഗത്തിൽ സാധിക്കുവാൻ എന്തെങ്കിലും വഴിയുണ്ടോ?

നാം ഊർജ്ജങ്ങളെ അനുഭവിക്കുമ്പോൾ അത് സാധ്യമാണെന്നാണ് എന്‍റെ ഗുരു പറഞ്ഞിട്ടുള്ളത്. ഈശ്വരനിൽ ലയിച്ച്, വ്യക്തതയോടുകൂടിയ ഒരു ജീവിതം നാം നയിക്കുമ്പോൾ നമ്മുടെ പരിശുദ്ധി വർദ്ധിക്കുമെന്ന് ഞാൻ ഇവിടെ കൂട്ടിച്ചേർക്കുവാൻ ആഗ്രഹിക്കുന്നു. ധ്യാനം ചെയ്യുന്നതിലൂടെ ആത്‌മശുദ്ധിയുടെ നില തീർച്ചയായും വർദ്ധിക്കും.

9. ഉയർന്ന ഊർജ്ജങ്ങൾ ലഭിക്കുന്നതിനായി നാം എങ്ങനെ നമ്മെ സജ്ജമാക്കും?

രണ്ട് ഉപകരണങ്ങൾ മാത്രമേയുള്ളൂ - ധ്യാനവും സകാരാത്മകതയും.`

10. സകാരാത്മകമായിട്ടിരിക്കുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗം നിർദ്ദേശിക്കാമോ?

നിങ്ങളുടെ ജീവിതത്തിന്‍റെ ഏതാനും ദിവസങ്ങൾ നിരീക്ഷിക്കുക. അതിലൂടെ ഒരു മാതൃക കാണുമാറാകും. ദേഷ്യത്തിന്‍റെയോ അസൂയയുടെയോ അഥവാ വേറെ ഏതെങ്കിലും തരത്തിലുള്ള നിഷേധാത്മകതയുടെയോ ഒരു ഇഴ നിങ്ങൾക്ക് കാണുവാൻ കഴിയും. അതിനെ മെച്ചപ്പെടുത്താൻ പരിശ്രമിക്കുക, അനന്തരം അത് ആവർത്തിക്കാത്ത രീതിയിൽ അതിനെക്കുറിച്ച് നിങ്ങൾ ബോധവാന്മാരും ജാഗരൂകരും ആയിത്തീരുക.

11. 'ഓം' എന്ന ശബ്ദവും "ആഓം" എന്ന ശബ്ദവും തമ്മിലുള്ള വ്യത്യാസം എന്താണ്?

സത്യയുഗങ്ങൾ മുതൽ ദ്വാപരയുഗങ്ങൾ വരെ "ആഓം" എന്നാണ് ജപിച്ചിരുന്നത്. ഇത് വളച്ചൊടിച്ച്, കലിയുഗത്തിൽ "ഓം" എന്നാക്കി. അതിൽ തെറ്റൊന്നുമില്ല. നിങ്ങൾ "ആഓം" എന്ന് ജപിക്കുമ്പോൾ, "അ"കാരം സകാരാത്മകമായ അഥവാ ദിവ്യമായ ഊർജ്ജങ്ങളുടെ സൃഷ്ടിയെയാണ് സൂചിപ്പിക്കുന്നത്. "ഉ"കാരം സൃഷ്ടിക്കപ്പെട്ട ഊർജ്ജങ്ങളെ നിലനിർത്തുന്നതിനെ സൂചിപ്പിക്കുന്നു, "മ"കാരം വ്യവസ്ഥയിൽ ഉള്ള നിഷേധാത്മകമായിട്ടുള്ള ഊർജ്ജങ്ങളുടെ നാശത്തെയും സൂചിപ്പിക്കുന്നു. നിങ്ങൾ "ഓം" എന്ന് ജപിക്കുമ്പോൾ, സൃഷ്ടിഭാഗം ഉണ്ടാകില്ല. "ആഓം" എന്ന ശബ്ദത്തിന് വേറൊരു അലങ്കാരം കൂടിയുണ്ട്. ഈ മൂന്ന് ശബ്ദങ്ങൾ, "അ", "ഉ", "ഉം" മൂകരായിട്ടുള്ള ആളുകൾക്ക് പോലും ജപിക്കുവാൻ സാധിക്കും. മാത്രമല്ല, എപ്പോഴെല്ലാം നിങ്ങൾ "ആഓം" എന്ന് ജപിക്കുന്നുവോ, സഹസ്രാരചക്രം പ്രവർത്തിക്കപ്പെടുന്നു. പക്ഷേ, "ഓം" എന്ന ശബ്ദത്തിൽ, പീയൂഷഗ്രന്ഥി മാത്രമേ പ്രവർത്തിക്കപ്പെടുന്നുള്ളൂ.

12. പ്രാണായാമം ഒഴിവാക്കി, എനിക്ക് ആ സമയം ധ്യാനത്തിന് വേണ്ടി ഉപയോഗിക്കാൻ പറ്റുമോ?

പ്രാണായാമം ഒരുപോലെ പ്രധാനമാണ്. നിങ്ങൾ പ്രാണായാമം ചെയ്യുമ്പോൾ ചിന്തകൾ കുറയും. നിങ്ങൾക്ക് കൂടുതലായി ധ്യാനിക്കാം, പക്ഷേ പ്രാണായാമത്തെ ത്യജിച്ച് കൊണ്ടാവരുത്.

13. ധ്യാനത്തിന് ശേഷം അനുഗ്രഹങ്ങൾ നൽകുന്നതിന്‍റെ പ്രാധാന്യം എന്താണ്?

ധ്യാനത്തിന് ശേഷം, നിങ്ങൾ ആര്‍ദ്രമായ ഒരു അവസ്ഥയിൽ ആയിരിക്കും. നിങ്ങൾ ആരെയെങ്കിലും അനുഗ്രഹിക്കുമ്പോൾ, ആ സമയത്ത് നിങ്ങൾ അവർക്ക് സൗമനസ്യത്തിന്‍റെയും, സമാധാനത്തിന്‍റെയും, അഭിവൃദ്ധിയുടെയും ഊർജ്ജങ്ങൾ അയക്കുന്നു. അതിനാൽ കൃപ നിങ്ങളിലേയ്ക്ക് ഇറങ്ങുന്നു. മാത്രമല്ല, ധ്യാനം ചെയ്യുന്നതിനായിട്ടുള്ള നിങ്ങളുടെ ഇച്ഛാശക്തിയും വർദ്ധിക്കുന്നു.

14. ആദ്ധ്യാത്മിക രീതികൾ ഇല്ലാതെ, ധ്യാനം മാത്രം ചെയ്തുകൊണ്ട് ആർക്കെങ്കിലും ജ്ഞാനോദയം ലഭിക്കുക സാധ്യമാണോ?

ആദ്ധ്യാത്മിക രീതികൾ കാർമ്മിക ഇഴകളെ അയവാക്കുന്നു. ധ്യാനിക്കുന്ന വേളയിൽ കർമ്മങ്ങൾ ഏരിയിക്കുന്നത് എളുപ്പം ആയിത്തീരുന്നു. വിദ്യകൾ ഇല്ലാതെയും ഇത് സാധ്യമാണ്, പക്ഷേ, അതിന് കൂടുതൽ സമയമെടുക്കും.